International
യാങ്കോൺ: മ്യാൻമറിൽ പട്ടാള അട്ടിമറിക്കു ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പിൽ പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയൻ ആൻഡ് സോളിഡാരിറ്റി പാർട്ടി (യുഎസ്ഡിപി) വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമത്വം നടന്നതായി ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവർ ചൂണ്ടിക്കാട്ടി.
ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂ ചിയുടേതടക്കമുള്ള പാർട്ടികൾക്കു മത്സരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. 2021ൽ അട്ടിമറിയിലൂടെ അധികാരം പിടിച്ച പട്ടാളം സൂ ചി അടക്കമുള്ള നേതാക്കളെ തടവിലിട്ടിരിക്കുകയാണ്.
പാർലമെന്റിന്റെ അധോസഭയിലെ 263 സീറ്റിൽ 232ഉം ഉപരിസഭയിലെ 157ൽ 109 സീറ്റും യുഎസ്ഡിപി സ്വന്തമാക്കിയെന്നാണ് അറിയിപ്പ്. 2010ൽ പ്രവർത്തനം തുടങ്ങിയ യുഎസ്ഡിപിയുടെ തലപ്പത്ത് വിരമിച്ചതും അല്ലാത്തതുമായ ഉന്നത സൈനികോദ്യോഗസ്ഥരാണുള്ളത്.
പാർലമെന്റിന്റെ ആദ്യസമ്മേളനം മാർച്ചിൽ ചേർന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഏപ്രിലിൽ പുതിയ സർക്കാർ അധികാരമേൽക്കും.
മൂന്നു ഘട്ട പാർലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബർ 28, ജനുവരി 11, 25 തീയതികളിലായിരുന്നു. പട്ടാളത്തെ എതിർക്കുന്ന വിമതരുടെ ശക്തികേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നില്ല.
International
ബെയ്ജിംഗ്: മ്യാൻമറിൽ തട്ടിപ്പ് കേന്ദ്രങ്ങൾ നിയന്ത്രിച്ചിരുന്ന ചൈനയിലെ മാഫിയ കുടുംബത്തിലെ 11 അംഗങ്ങളെയും വധശിക്ഷയ്ക്കു വിധേയരാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ കോടതി മിംഗ് മാഫിയ കുടുംബാംഗങ്ങൾക്കെതിരെ കൊലപാതകം, നിയമവിരുദ്ധമായി തടവിൽ വയ്ക്കൽ, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി
വധശിക്ഷയ്ക്കു വിധിച്ചിരുന്നു. മിംഗ് കുടുംബത്തിലെ 39 അംഗങ്ങൾക്കാണ് വിവിധ ശിക്ഷകൾ ലഭിച്ചത്. ഇതിൽ 11 പേരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്.
ചൈനീസ് അതിർത്തിയോടു ചേർന്നുള്ള മ്യാൻമറിലെ ലൗക്കൈങ് നിയന്ത്രിച്ചിരുന്ന പ്രധാന സംഘങ്ങളിൽ ഒന്നായിരുന്നു മിംഗ് കുടുംബം. 2023ലെ ആഭ്യന്തര യുദ്ധത്തിനിടയിൽ മ്യാൻമറിലെ ലൗക്കൈങ് പ്രവിശ്യയുടെ നിയന്ത്രണം ഗോത്രവർഗ സംഘങ്ങൾ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ഗോത്രസംഘം മാഫിയ സംഘത്തെ പിടികൂടി ചൈനയ്ക്കു കൈമാറിയതോടെയാണ് ഇവരുടെ തട്ടിപ്പ് സാമ്രാജ്യം തകർന്നത്.
ആയിരക്കണക്കിനു ചൈനീസ് തൊഴിലാളികളാണ് മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ വർഷങ്ങളായി കുടുങ്ങിക്കിടന്നത്. കഴിഞ്ഞ വർഷം, അഭിനയ അവസരത്തിനായി തായ്ലൻഡിലേക്കു പോയ ഒരു ചൈനീസ് നടനെ മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടുപോയ വാർത്ത ചൈനീസ് സൈബർ ലോകത്തു പ്രചരിച്ചിരുന്നു. സംഭവത്തെതുടർന്ന്, മ്യാൻമറിലെ സൈനിക ഭരണകൂടത്തോട് ഈ മാഫിയ സംഘങ്ങളെ അടിച്ചമർത്തണമെന്നു ചൈന നിരന്തരം ആവശ്യപ്പെട്ടിരുന്നു.
2015നും 2023നും ഇടയിൽ മിംഗ് മാഫിയ തട്ടിപ്പ് കേന്ദ്രങ്ങളിൽനിന്ന് ഏകദേശം 10 ശതകോടി യുവാൻ (13,200 കോടി ഇന്ത്യൻ രൂപ) മാഫിയ സമ്പാദിച്ചതായി കണ്ടെത്തിയ ചൈനയിലെ പരമോന്നത കോടതി നവംബറിൽ ഇവരുടെ അപ്പീലുകൾ തള്ളിയിരുന്നു. 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും ഇവരുടെ കുറ്റകൃത്യങ്ങൾ കാരണമായതായും കോടതി ചൂണ്ടിക്കാട്ടി.
International
യാങ്കോൺ: 2021ലെ പട്ടാള അട്ടിമറിക്കു ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ് മ്യാൻമറിൽ ഇന്നലെ ആരംഭിച്ചു. മൂന്നു ഘട്ടങ്ങളായിട്ടാണ് വോട്ടെടുപ്പ്. ജനുവരി 11, 25 തീയതികളിലാണു രണ്ടും മൂന്നും ഘട്ടങ്ങൾ.
ആഭ്യന്തരയുദ്ധത്തിനിടെ പട്ടാള ഭരണകൂടം നടത്തുന്ന തെരഞ്ഞെടുപ്പിനു വിശ്വാസ്യത തീരെയില്ല. പട്ടാളവുമായി ബന്ധമുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റ് പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണു നിഗമനം. വിരമിച്ച പട്ടാള ജനറൽമാരാണു പാർട്ടിയുടെ നേതൃസ്ഥാനത്തുള്ളത്. മത്സരിക്കുന്ന സ്ഥാനാർഥികളിൽ അഞ്ചിലൊന്നും ഈ പാർട്ടിക്കാരാണ്.
പട്ടാളത്തെ എതിർക്കുന്ന രാഷ്ട്രീയ കക്ഷികൾ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. തെരഞ്ഞെടുപ്പിനെ വിമർശിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ, പാശ്ചാത്യ രാജ്യങ്ങൾ, മനുഷ്യാവകാശ സംഘടനകൾ എന്നിവർ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ചുകഴിഞ്ഞു.
2020ലെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂ ചിയുടെ പാർട്ടി വൻ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. എന്നാൽ, പട്ടാളം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. സൂ ചി അടക്കമുള്ള നേതാക്കൾ ഇപ്പോഴും തടങ്കലിലാണ്. സൂ ചിയെ എവിടെയാണ് തടവിലിട്ടിരിക്കുന്നതെന്നു പോലും വ്യക്തമല്ല.
പട്ടാളത്തെ എതിർക്കുന്ന ഗ്രൂപ്പുകൾ ആയുധം കൈയിലെടുത്തതോടെ വർഷങ്ങളായി മ്യാൻമർ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ
International
യാങ്കോൺ: മ്യാൻമർ പട്ടാളം ആശുപത്രിക്കു നേർക്കു നടത്തിയ വ്യോമാക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും ഒട്ടനവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. റാഖൈൻ സംസ്ഥാനത്തെ മ്രൗക്ക്-യു എന്ന പട്ടണത്തിലായിരുന്നു സംഭവം.
പട്ടാളഭരണകൂടത്തിനെതിരേ പോരാടുന്ന അരാക്കൻ ആർമി എന്ന വിമതസേനയുടെ നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. മരിച്ചതിൽ ഭൂരിഭാഗവും രോഗികളാണെന്ന് അരാക്കൻ ആർമിഅറിയിച്ചു. പത്തു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പട്ടാള ഭരണകൂടം പ്രതികരണത്തിനു തയാറായിട്ടില്ല.
മ്യാൻമറിൽ 2021ൽ പട്ടാളം അധികാരം പിടിച്ചെടുത്തശേഷം ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളും വിമതരുടെ നിയന്ത്രണത്തിലാണ്.
National
ന്യൂഡൽഹി: മ്യാൻമറിലെ സൈബർ തട്ടിപ്പുകേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യക്കാരെ തിരിച്ചയച്ചു. 26 സ്ത്രീകളടക്കമുള്ള 270 ഇന്ത്യക്കാരെയാണ് ഇന്ത്യൻ വ്യോമസേനയുടെ രണ്ട് പ്രത്യേക വിമാനത്തിൽ തിരിച്ചയച്ചതെന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മ്യാൻമറിൽനിന്ന് കഴിഞ്ഞമാസം തായ്ലൻഡ് അതിർത്തി കടന്ന 465 ഇന്ത്യക്കാരാണ് തായ്ലൻഡ് സർക്കാരിന്റെ സഹായത്തോടെ മാതൃരാജ്യത്തേക്കു തിരികെയെത്തുന്നത്. ഇവരിൽ ശേഷിക്കുന്ന 170 പേരെ അടുത്ത തിങ്കളാഴ്ച തിരികെ അയയ്ക്കുമെന്ന് തായ് കരസേനയുടെ കമാൻഡർ മേജർ ജനറൽ മൈത്രീ ചുപ്രീച്ച അറിയിച്ചു.
മ്യാൻമർ നഗരമായ മ്യവാഡിയിലെ സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ കെ.കെ. പാർക്കിൽ കഴിഞ്ഞമാസം മ്യാൻമർ സൈന്യം റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു 28 രാജ്യങ്ങളിൽനിന്നുള്ള 1500ലേറെപ്പേർ തായ്ലൻഡിലെത്തിയത്.
സൈബർ തട്ടിപ്പുകളും അനധികൃത ചൂതാട്ടവും തടയുന്നതിനായി മ്യാൻമർ സേന നടത്തിയ ഓപ്പറേഷനെത്തുടർന്ന് തായ്ലൻഡിൽ അഭയം പ്രാപിച്ച വിവിധ രാജ്യങ്ങളിൽനിന്നുള്ളവരെ അനധികൃതമായി രാജ്യത്തേക്കു പ്രവേശിച്ചതിന് തായ് അധികൃതർ തടങ്കലിലാക്കിയിരുന്നു. ഐടി ജോലി നൽകാമെന്ന വ്യാജ വാഗ്ദാനം നൽകി തൊഴിൽ തട്ടിപ്പിനിരയായവരാണ് ഇവരിൽ പലരും. ഇവർ പിന്നീട് അന്താരാഷ്ട്ര ക്രിമിനൽ സിൻഡിക്കറ്റുകളുടെ കെണികളിൽപെടുകയായിരുന്നു.
തട്ടിപ്പുകളിൽ ഏർപ്പെട്ട് ഇപ്പോഴും മ്യാൻമറിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതിന് തായ്ലൻഡിലെയും മ്യാൻമറിലെയും ഇന്ത്യൻ എംബസികൾ അതത് സർക്കാരുകളുമായി സഹകരിച്ചു പ്രവർത്തിച്ചുവരികയാണെന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് കെ.കെ. പാർക്ക് പോലുള്ള സൈബർ തട്ടിപ്പുകേന്ദ്രങ്ങൾ പ്രതിവർഷം 4000 കോടി ഡോളറോളം സന്പാദിക്കുന്നുണ്ട്.
International
വത്തിക്കാൻ സിറ്റി: വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിലും ആഭ്യന്തര സംഘർഷത്തിലുംപെട്ട് ദുരിതമനുഭവിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ, പ്രത്യേകിച്ച് മ്യാൻമറിലെ ജനതയെ മറക്കരുതെന്നും അവർക്കുവേണ്ടി തന്നോടൊപ്പം പ്രാർഥിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയിൽ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
മ്യാൻമർ ജനതയെ മറക്കരുതെന്നും അവർക്ക് ആവശ്യമായ സഹായം എത്തിക്കണമെന്നും രാജ്യാന്തര സമൂഹത്തോട് അഭ്യർഥിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു.